കാസനോവയ്ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസും ബോബി സഞ്ജയും
ഒന്നുചേരുന്ന ചിത്രമാണ് മുംബൈ പോലീസ്. നോട്ട് ബുക്ക് മുതല്‍ ഈ
കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം. പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത
കാസനോവയ്ക്കു ശേഷമെത്തുന്ന മുംബൈ പോലീസ് പക്ഷേ, രൂപഭാവശില്പസമഗ്രത കൊണ്ട്
ഏറെ മെച്ചപ്പെട്ട ഒരു നിര്‍മിതിയായിത്തീര്‍ന്നിട്ടുണ്ട്. ട്രാഫിക്കില്‍
തുടങ്ങുന്ന ബോബി സഞ്ജയ് രചനാശൈലിയുടെ പുതുമ അയാളും ഞാനും തമ്മിലൂടെ
തുടര്‍ന്ന് എത്തുന്ന പുതിയ ഇടമാണ് മുംബൈ പോലീസ്. രചനയുടെ കാര്യത്തില്‍
മുന്‍ചിത്രങ്ങളെ അതിശയിക്കുന്നുണ്ട് രചയിതാക്കള്‍. എന്നാല്‍, അത്യന്തം
മികച്ച ഒരു ത്രില്ലര്‍ അനുഭവത്തിന്‍ പൂര്‍ണതയാകാന്‍ സാധിക്കാതെ ഈ ചിത്രം
അവസാനം അല്പമൊന്ന് ഇടറിവീഴുമ്പോള്‍, നല്ലൊരു പങ്കു കാണികള്‍ക്കു നിരാശ
തോന്നുന്നതും സ്വാഭാവികം.

പോലീസ് നായകരാകുന്ന സിനിമകള്‍ ആവനാഴി തൊട്ട് സത്യം വരെയും കാക്കിച്ചട്ടൈ
മുതല്‍ ശിങ്കം വരെയും ശക്തി മുതല്‍ ദബാംഗു വരെയും ഒന്നുതന്നെയാണ്
പറയുന്നത് പോലീസ് രാജിന്‍റെ വാഴ്ത്തുക്കള്‍. ഇവിടെ, മുംബൈ പോലീസും ഒരു
പോലീസ് കഥയാണ്. നമുക്കുറങ്ങാന്‍ രാവിന്നു കാവലായ് നില്‍ക്കുന്ന പോലീസിനു
അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് മുംബൈ പോലീസിന്‍റെ പരസ്യങ്ങള്‍. വീ സല്യൂട്ട്
പോലീസ് ഫ്രറ്റേണിറ്റി എന്ന സമര്‍പ്പണവാക്യത്തോടെയാണ് പടം ആരംഭിക്കുന്നതും.
ഈ വിധത്തില്‍ പോലീസിന്‍റെ ഒരു ഇതിഹാസം കൂടിയായിത്തീരുന്നുണ്ട് മുംബൈ
പോലീസ്.
ഒരു പ്രമാദമായ കേസിന്‍റെ അന്വേഷണപരിസമാപ്തിയില്‍ വച്ച്, കുറ്റവാളിയെ
കണ്ടെത്തിക്കഴിഞ്ഞ ശേഷം ഒരപകടത്തില്‍പ്പെട്ട് ഓര്‍മനഷ്ടം സംഭവിക്കുന്ന
അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ആന്‍റണി മോസസ് എന്നയാളാണു പടത്തിലെ
നായകന്‍. ഈ വേഷം പൃഥ്വിരാജാണു ചെയ്യുന്നത്. എന്നാല്, ഇയാളുടെ ഓര്‍മനഷ്ടം
മേലധികാരികളില്‍നിന്ന് മറച്ചുവയ്ക്കുന്ന കമ്മീഷണര്‍ ഫര്‍ഹാന്‍ അയാളെത്തന്നെ
തുടരന്വേഷണത്തിനു പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ആരെയും ഒന്നിനെയും
ഓര്‍മയില്ലാത്ത ആന്‍റണി മോസസ് ആകെ വശംകെടുന്നു. അയാളുടെ സുഹൃത്തുകൂടിയായ
ഫര്‍ഹാന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി മെല്ലെ അന്വേഷണം ആരംഭിക്കുന്ന ആന്‍റണി
മോസസ് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ആര് എന്തിന് എങ്ങനെ ആ കൊലപാതകം
നിര്‍വഹിച്ചു എന്നു കണ്ടെത്തുന്നു. ഇതിനിടെ, ആന്‍റണി മോസസ് കടന്നുപോകുന്ന
വൈയക്തിമായ അനുഭവപരമ്പരകളും അവയുടെ അന്തരാര്‍ത്ഥവും സാമൂഹികതലങ്ങളുമാണ്
ബോബി സഞ്ജയും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്നു കാട്ടിത്തരുന്നത്.
ഓര്‍മനഷ്ടം വരുന്ന കഥാപാത്രങ്ങള്‍ ധാരാളം ലോകത്തൊട്ടാകെ സിനിമയില്‍
വന്നിട്ടുണ്ട്. സിനിമയുടെ ബാല്യം മുതലേ അത്തരം കഥകളും വന്നിട്ടുണ്ട്.
കേസന്വേഷണത്തില്‍ ഇരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക്, കുറ്റാന്വേഷകര്‍ക്ക്
ഓര്‍മനഷ്ടം വരുന്ന കഥകളും തീരെ കുറവല്ല. ബോണ്‍ പരമ്പരയില്‍പെടുന്ന
സിനിമകളില്‍ ഇത്തരം ക്രൈം ത്രില്ലറുകള്‍ കാണാം.
ഈ സിനിമയുടെ ദേശീ പകര്‍പ്പാണെന്നു പറയാം പ്രതാപ് പോത്തന്‍ സംവിധാനം
ചെയ്ത വെറ്റ്റിവിഴ എന്ന കമല്‍ഹാസന്‍ പടം. സ്മൃതിനാശം സംഭവിച്ച
വെറ്റ്റിവേല്‍ എന്ന പോലീസ് അന്വേഷണോദ്യോഗസ്ഥനായിരുന്നു പടത്തിലെ നായകന്‍.
കമലിനു പ്രിയപ്പെട്ട ജാക്കിച്ചാനും ഇതേ സ്മരണാലോപം ഭവിച്ച
അന്വേഷണോദ്യോഗസ്ഥനെ അവതരിപ്പിച്ചിട്ടുണ്ട്. ഹൂ ആം ഐ എന്നായിരുന്നു
പടത്തിന്‍റെ പേര്. മുംബൈ പോലീസിലും ഹൂ ആം ഐ എന്ന ചോദ്യം ഒരു ഘട്ടത്തില്‍
ഒരു പെരുംനിഴലായി വളര്‍ന്നുപൊന്തുന്നുണ്ട്.
ഓര്‍മനഷ്ടം സംഭവിച്ച നായകന്‍റെ ഭാഗത്തുനിന്നാണ് ആഖ്യാനം തുടങ്ങുന്നത്.
അയാള്‍ക്ക് സ്മൃതിനാശമുണ്ടാകുംമുന്‍പാണത് ആരംഭിക്കുന്നത്. അതിനുശേഷം
ആഖ്യാനം ഭൂതകാലത്തിലേക്കു പോകുന്നത് ആന്‍റണി മോസസ് കാണുന്ന ഒരു
വീഡിയോയിലൂടെയാണ്. പിന്നീടത് ഫര്‍ഹാന്‍റെ കഥ പറച്ചിലാകുന്നു. ഇങ്ങനെ അല്പം
സങ്കീര്‍ണമായൊരു ആഖ്യാനമാണു പടത്തിന്. ട്രാഫിക്കിലാരംഭിച്ച
ആഖ്യാനപരീക്ഷണങ്ങള്‍ അയാളും ഞാനും തമ്മിലിലും ഇപ്പോള്‍ മുംബൈ പോലീസിലും
രചയിതാക്കള്‍ തുടരുകയാണ്. മുംബൈ പോലീസിന്‍റെ അവസാനം നിഗൂഢത
ഇതള്‍വിരിയിക്കുന്ന രംഗങ്ങളിലേക്കെത്തുമ്പോള്‍ ഈ ആഖ്യാനത്തിന്‍റെ കൌശലം
കൈവിട്ടുപോകുന്നില്ലെങ്കിലും സൌന്ദര്യവും മര്‍മജ്ഞതയും ചോരുന്നില്ലേ എന്നു
സംശയിക്കണം. കേസന്വേഷണം പൂര്‍ത്തിയാക്കിയെത്തിയ മോസസിന്‍റെ
റിപ്പോര്‍ട്ടിലൂടെ അവസാനഭാഗം വെളിവാകുന്നത് മൊത്തം സിനിമയുടെ ശക്തിക്ക്
ഉപോദ്ബലകമായെന്നു പറയാനാവില്ല.
കോളനികളിലെ ക്രിമിനലുകളെപ്പറ്റിയുള്ള കുഴപ്പംപിടിച്ച പൊതുബോധചിന്തകള്‍
ട്രാഫിക്കും അയാളും ഞാനും തമ്മിലും പങ്കുവച്ചിരുന്നു. ട്രാഫിക്കിലെ ബിലാല്‍
കോളനി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതുപോലെയാണ് അയാളും ഞാനും തമ്മിലെ
ആശുപത്രി തല്ലിത്തകര്‍ക്കാന്‍ വരുന്ന സാധാരണക്കാരും. ഇവിടെയും റോയ് എന്ന
കഥാപാത്രത്തിലൂടെ കോളനികളിലെ ഗുണ്ടാജീവിതങ്ങളെപ്പറ്റി പരാമര്‍ശിച്ചു
തുടങ്ങിയെങ്കിലും മുന്‍ചിത്രങ്ങളിലെ തെറ്റ് ഇവിടെ തിരുത്തപ്പെടുന്നുണ്ട്.
റോയിയുടെ ഭാര്യയോട് ആന്‍റണി മോസസിന്‍റെ പെരുമാറ്റം ശാരീരികമാകുന്നതിന് ഒരു
കാരണമുണ്ട്. ആ കാരണം ഇവിടെ പറഞ്ഞാല്‍ അതു സിനിമയുടെ മര്‍മപ്രധാനമായ രഹസ്യം
പൊളിക്കുന്നതിനു തുല്യമാകും. ഏതായാലും ആ രംഗത്തിന് മിഴിവേറെയാണ്. സിദ്ദീഖ്
ലാലിന്‍റെ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ കടപ്പുറം രംഗത്തില്‍ സ്വാമിനാഥന്‍
പെണ്ണിനെ അടിക്കുന്ന രംഗംപോലെ അകത്ത് അര്‍ത്ഥപുഷ്ടിയുള്ള രംഗമാണത്.
അതിഭീകരനായ പോലീസുകാരനാണ് ആന്‍റണി മോസസ്. അയാള്‍ പ്രതികളോടു
പെരുമാറുന്നത് വേട്ടക്കാരനെപ്പോലെയാണ്. റാസ്കല്‍ മോസസ് എന്നാണ് പോലീസില്‍
അയാളുടെ ഇരട്ടപ്പേര്. ഓര്‍മയുള്ള അയാള്‍ പോലീസെന്ന നിലയില്‍
ജനാധിപത്യവിരുദ്ധനും ഹിംസാവ്യഗ്രനും അക്രമിയുമാണ്. എന്നാല്‍ ഓര്‍മ നശിച്ച
അയാള്‍ മികച്ച ഒരു പോലീസുകാരനായിത്തീരുന്നു. അയാളും ഞാനും തമ്മില്‍ മോശം
ഡോക്ടറെ നല്ല ഡോക്ടറാക്കിത്തീര്‍ക്കുന്നുവെങ്കില്‍ ഇവിടെ മോശം പോലീസുകാരനെ
നല്ല പോലീസുകാരനാക്കി പരിവര്‍ത്തിപ്പിക്കുന്നു. അയാള്‍
മോശമായിരിക്കുമ്പോള്‍ വലിയ കുടിയനാണ്. മോഹന്‍ലാല്‍ മുതല്‍ ജയറാം
വരെയുള്ളവര്‍ ഡീ അഡിക്ഷനുവേണ്ടി കുടിക്കുമ്പോള്‍ പൃഥ്വിരാജിനു മറ്റെന്തു
ചെയ്യാന്‍ കഴിയും. സിനിമയ്ക്കു പുറത്തെക്കാള്‍ കുടി അകത്താണു കൂടുതല്‍
അതിനാല്‍ സ്ക്രീനില്‍ തെളിയുന്ന മദ്യവിരുദ്ധസന്ദേശം സിനിമയുടെ അകത്തേക്കു
തിരിച്ചുവക്കേണ്ട അവസ്ഥയാണ്.
മൂന്നുനാലു തലത്തില്‍, ദേശനാമങ്ങളുപയോഗിച്ച് ടെററിസത്തെ സിനിമയില്‍
സൂചിപ്പിക്കുന്നുണ്ട്. മുംബൈ പോലീസ് എന്ന പേര്, ഹൈദരാബാദിലെ
മാവോയിസ്റ്റുവേട്ടയും അതിന്‍റെ പ്രതികാരമായി അവര്‍ വരാനുള്ള സാദ്ധ്യതയും,
പിന്നെ, ഗുജറാത്തിലേക്കുള്ള ആന്‍റണി മോസസിന്‍റെ സ്ഥലംമാറ്റസൂചന. ഇങ്ങനെ
വേറൊരു വഴിയിലൂടെ പോകാനുള്ള സാദ്ധ്യതകളൊക്കെ തുറന്നിടുന്ന സിനിമ പക്ഷേ,
ബാഹ്യമായ ടെററിസമല്ല, ആന്തരികമായ ടെററിസമാണ് ചിത്രണപ്പെടുത്തുന്നത്.
എന്‍കൌണ്ടര്‍ സ്പെഷലിസ്റ്റായിരുന്നു മോസസ് എന്നൊരു വാക്യസൂചനയുമുണ്ട്.
ഏതായാലും മോസസിന്‍റെ ആന്തരികമായ ഭീകരതയുടെ നീഗൂഢത എന്തെന്നതാണു പടത്തിന്‍റെ
ആത്മാവ്.
അത്യുഗ്രന്‍ പ്ലോട്ടാണു പടത്തിന്‍റേത്. രചനയുടെ ബ്രില്യന്‍സ്
ബോദ്ധ്യപ്പെടുത്തുന്ന ഒട്ടനേകം സന്ദര്‍ഭങ്ങളുമുണ്ട്. എന്നാല്‍ കുറ്റകാരണം
അത്രയ്ക്കങ്ങു വിശ്വസനീയമായോ എന്ന ചോദ്യം ബാക്കിയാകുന്നു. വിശ്വസനീയമായ
വിധത്തില്‍ അതു ചെയ്തൊരുക്കിയിട്ടുണ്ടെന്നത് എടുത്തുപറയണം. എന്നാലും
അതിന്‍റെ ആഴം മുഴങ്ങുമോ അതോ, ആഴമില്ലാത്ത മുഴക്കം ബാക്കിയാകുമോ എന്നതാണു
കുഴപ്പം.
ഓര്‍മയുള്ള പോലീസുകാരന്‍റെ അഭിമാനം പോലീസ് പ്രതിജ്ഞ ചൊല്ലല്‍ രംഗത്ത്
ശ്രദ്ധേയമാംവിധം വരുന്നുണ്ട്. ക്യാപ്റ്റന്‍ രാജുവിന്‍റെ കഥാപാത്രം ഒരു
ഫോട്ടോ സീനിലും ഒരു സീനിലും വരുമ്പോള്‍, പഴയ ഓഗസ്റ്റ് ഒന്നിലെ ഷാര്‍പ്
ഷൂട്ടര്‍ നമ്മുടെ ഓര്‍മയില്‍ വരുന്നതും ആള്‍ക്കൂട്ട സ്മൃതിമറവികളുടെ
മറ്റൊരു വൈചിത്ര്യം.
പ്രതിയാരെന്ന കാര്യത്തില്‍ പ്രേക്ഷകരുടെ വഴിതെറ്റിക്കാന്‍ സാധാരണ ക്രൈം
സിനിമകള്‍ കൈക്കൊള്ളുന്ന ചില പൊടിക്കൈകളും സിനിമ ദീക്ഷിക്കുന്നതുകാണാം.
ഇക്കായുടെ ദിനചര്യയാകെത്തെറ്റിയിരിക്കുന്നു എന്നു പറഞ്ഞ് മോസസിനെ കാണാന്‍
വരുന്ന ആനി ഒരുദാഹരണം. ആ രംഗമാകെ അനാവശ്യമായിപ്പോയി. ആ രംഗംകൊണ്ട്
ഒരുപകാരമുണ്ടായി. ക്രിസ്ത്യന്‍ പെണ്ണ് മുസ്ലിമിനെ കല്യാണം കഴിച്ചാല്‍
ഇക്കായെന്നു വിളിക്കേണ്ടിവരുമെന്ന്.
വളരെ മികച്ച ഒരു ഇതിവൃത്തം. സമര്‍ത്ഥമായി ഒരുക്കിയ ഇതിവൃത്തവികാസം.
മികച്ച ഛായയും എഡിറ്റിംഗും വഴി സാധിച്ചെടുക്കുന്ന നല്ല ശില്പഭംഗി.
മൊത്തത്തില്‍ ഉദ്വേഗത്തോടെയും സ്തോഭത്തോടെയും കണ്ടിരിക്കാവുന്ന ചിത്രം. ഒരു
സൈക്കോ ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ബഹുമാനമര്‍ഹിക്കുന്നു മുംബൈ
പോലീസ്. എന്നാല്‍, ഗേ ആയിരിക്കുക എന്നത് ക്രിമിനലായിരിക്കുക എന്നതിനു
തുല്യമാണെന്ന് പറയുന്ന സിനിമയുടെ രാഷ്ട്രീയഭാഷ ഒട്ടും
ബഹുമാനമര്‍ഹിക്കുന്നില്ല. ഗേ എന്ന അവസ്ഥയുടെ മാനസികതയെയും സാമൂഹികതയെയും
പ്രതിനിധാനം ചെയ്യുന്നു ഈ സിനിമ എന്നു പറയാം. എന്നാല്‍ ഗേ
ആയിരിക്കുന്നതുകൊണ്ടുമാത്രം ഭീകരത മനസ്സില്‍ ഉണ്ടാകുന്നു എന്ന ആശയം
പ്രതിഷേധാര്‍ഹമാണ്. അദര്‍ എന്ന അവസ്ഥയില്‍ നിന്ന് അവരെ ഒരുപടി കൂടി
പിന്നാക്കം തള്ളുകയാണ് സിനിമ.
ഗവര്‍ണറും ഉന്നതപോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഒരു വലിയ
പരിപാടിയുടെ തലേരാത്രി ഒരു കൊലയാളിക്ക് കൊലപാതകപരിശീലനത്തിന്
ബന്തവസ്സില്ലാതെ അവിടം തുറന്നുകിട്ടുമോ എന്നൊരു യുക്തിപ്രശ്നവും കൂടി
കാണിയെ അങ്കലാപ്പിലാക്കും. മുംബൈ പോലീസ് മലയാളിപ്രേക്ഷകരുടെ മാറുന്ന
അഭിരുചിയുടെ പരിഗണനയും പരിചരണവും ആവശ്യപ്പെടുന്ന സിനിമയാണ് എന്നുമാത്രം.
0 comments:
Speak up your mind
Tell us what you're thinking... !